ആയുർവേദ ചികിത്സാ ശാസ്ത്രത്തിലെ ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആടലോടകം. പല പര്യായ ശബ്ദങ്ങളും ഉണ്ട്. വാജിദന്തകം(കുതിരയുടെ പല്ലിന് സമാനമായ കേസരങ്ങൾ ഉള്ളത്) വാശിക(രോഗികളാൽ ആഗ്രഹിക്കപ്പെടുന്നത്), സിംഹി (രോഗങ്ങളെ നശിപ്പിക്കുന്നത്) വൈദ്യ മാതാവ് (വൈദ്യന്മാർക്ക് ഒരു മാതാവിനെ പോലെ ഇഷ്ടമുളവാക്കുന്നത്) തുടങ്ങിയ പേരുകൾ ഉണ്ട്
ഇതിൻറെ സസ്യ ശാസ്ത്രനാമം (അധറ്റോഡ വസിക്ക-Adbatoda Vasica) എന്നാണ്. ഇതിന് ഔഷധ ശക്തി വളരെയധികം ഉണ്ട്. പല രോഗങ്ങൾക്കും ഒരു ശമനകാരി ആണിത്. ഇതിൻറെ ഇലക്കും തൊലിക്കും എല്ലാം കയ്പ്പ് രസമാണ്. രക്തപിത്തം,കാസം, പനി ചുമ ശർദ്ദി തുടങ്ങിയ പല രോഗങ്ങൾക്കും സിദ്ധ ഔഷധമാണിത്. ഒരു പരിധിവരെ ഇതിൻറെ ഇല കൊണ്ടുണ്ടാക്കുന്ന കഷായം ഉപയോഗിച്ച് കീടങ്ങളെ പോലും നശിപ്പിക്കുവാൻ സാധിക്കുന്നതാണ്. ആസ്മാ രോഗത്തിന് കൈകണ്ട ഒരു ഔഷധമാണിത്. ഇതിൻറെ പൂവ് നേത്ര രോഗങ്ങൾക്ക് വളരെ വിശിഷ്ടമാണ്.
ആടലോടകത്തിൻറെ ഇല തൊലി വേര് ഇവയും മറ്റു ചില ആയുർവേദ മരുന്നുകളും കൂടെ കൂട്ടി പല രോഗങ്ങൾക്കും പ്രത്യൗഷധങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുന്നതാണ്. ഒരു കോഴിമുട്ട ഒരു ടീസ്പൂൺ ആടലോടകത്തിൻറെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ ചേർത്ത് ഉപയോഗിച്ചാൽ എത്ര കഠിനമായ ചുമയും കഫക്കെട്ടും മാറുന്നതാണ്. ആടലോടകത്തിൻറെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത ഒരു സ്പൂൺ നീരിൽ സമം തേനും ചേർത്ത് ദിവസം മൂന്നുനേരം വീതം കഴിച്ചാൽ എത്ര കടുത്ത ചുമയും ശമിക്കും. രക്തപിത്തം രക്താർശസ്.രക്താതിസാരം, കഫം ചുമ എന്നിവ മാറുന്നതിന് ആടലോടകം സമൂലം കഷായം വെച്ച് അര ഔൺസ് വീതം രണ്ടുനേരം കഴിച്ചാൽ മതിയാകും.
Written by
Dr Reetha James